Share this Article
Union Budget
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് വിട ...
Mankombu Gopalakrishnan

മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് അപൂര്‍വ സംഭാവനകള്‍ നല്‍കിയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭ വിടവാങ്ങിയത്. 200 സിനിമകളിലായി എഴുന്നൂറോളം ഗാനങ്ങളെഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്ണൻ തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും പ്രശസ്തനാണ്.


1947ല്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് മങ്കൊമ്പ് ഗോപാല കൃഷ്ണന്റെ ജനനം. 200 സിനിമകളിലായി എഴുന്നൂറിലധികം പാട്ടുകള്‍ രചിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തന്റെതായൊരിടം മലയാള സിനിമ ലോകത്ത് കുറിച്ചിടുകയായിരുന്നു. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിര്‍വഹിച്ചിട്ടുണ്ട്. 

സംവിധായകന്‍ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എം.എസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 200 ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയതും മങ്കൊമ്പിന്റെ പേരിന് പ്രശസ്തിയേറ്റി. 

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്‌കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്തേയ്ക്ക് ചുവട് വച്ചത്. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍', 'ആഷാഢമാസം ആത്മാവില്‍ മോഹം, 'നാടന്‍പാട്ടിന്റെ മടിശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നല്‍കി. 'പൂമഠത്തെ പെണ്ണ്'എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. 

മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരായും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കം ആശുപത്രിയില്‍ എത്തിയിരുന്നു. സംസ്‌കാര സമയം അറയിച്ചിട്ടില്ല. 

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. തീര്‍ത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പര്‍ശമുള്ള ഗാനങ്ങള്‍കൊണ്ട് സഹൃദയമനസില്‍ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories