Share this Article
Union Budget
ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 20-03-2025
1 min read
cm

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ആശ സമരം ഒത്തുതീര്‍പ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്.

ആശാ സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ നേതാക്കളും ആർജെഡിയെ പിന്തുണച്ചു. സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കളെ അറിയിക്കുകയായിരുന്നു.

അതേസമയം, ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories