Share this Article
Union Budget
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
വെബ് ടീം
posted on 22-03-2025
1 min read
minister

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. വിഷയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.ചോദ്യപേപ്പര്‍ നിര്‍മാണത്തിലെ ഏത് ഘട്ടത്തിലാണ് വീഴ്ച സംഭവിച്ചത് എന്ന് പരിശോധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

പ്ലസ് വണ്‍ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്‌സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത്. പ്ലസ് വണ്‍, പ്ലസ് ടു ചോദ്യപേപ്പറുകളിലായി ഇരുപതിലധികം തെറ്റുകളാണ് കണ്ടെത്തിയത്. 15ലധികം തെറ്റുകളായിരുന്നു പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ മാത്രം ഉണ്ടായിരുന്നത്.പ്ലസ് വണ്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി എക്കണോമിക്‌സ് ചോദ്യപേപ്പറുകളിലുമായിരുന്നു ഗുരുതര പിഴവുകള്‍ സംഭവിച്ചത്.

സംഭവത്തില്‍ ചോദ്യ നിര്‍മാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോപിച്ച് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പത്താം ക്ലാസ് പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒന്‍പതാം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ വകുപ്പ് പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേകത കൂടിയാണ് ഇത്തവണയുണ്ട്.

ചൊവ്വാഴ്ച നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാഠപുസ്തകങ്ങളുടെ ഉദ്ഘാടനവും വിതരണവും നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രില്‍ രണ്ടാം വാരത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories