പാലക്കാട്: കെ റെയില്‍ പദ്ധതി വരില്ലെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്നും മെട്രോമാനും ബിജെപി നേതാവുമായ ഇ ശ്രീധരന്‍. കെ റെയില്‍ ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കേന്ദ്രവുമായി ബദല്‍ പദ്ധതിക്ക് ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ബദല്‍ പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമായി. മുഖ്യമന്ത്രിയുമായി ആ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. അത് നടപ്പില്‍ വരുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍.കെ റെയിലിനെക്കാള്‍ വളരെ ഉപകാരമുള്ള പദ്ധതിയാണ് പുതിയത്. ബദല്‍ പദ്ധതി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഒരു ഡീറ്റേയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡിഎംആര്‍സിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവര്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയില്‍ എല്ലാ ഡാറ്റകളും ഉണ്ടെന്ന് ശ്രീധരന്‍.