പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ യൂൻ സുക് യോലിനെ പ്രസിഡന്റ് പദവിയിൽനിന്ന് ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി ദക്ഷിണ കൊറിയൻ കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ഭരണഘടന കോടതിയുടെ ഐകകണ്ഠ്യേനയുള്ള ഉത്തരവ്. യൂനിനെ പദവിയിൽനിന്ന് നീക്കിയതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും.
പട്ടാള നിയമം പ്രഖ്യാപിച്ച യൂനിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എട്ടംഗ ബെഞ്ച് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ഡിസംബർ മൂന്നിന് അർധരാത്രി പട്ടാള നിയമം പ്രഖ്യാപിക്കുകയും ആറുമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്ത യൂനിനെ 10 ദിവസത്തിനു ശേഷമാണ് പാർലമെന്റ് ഇംപീച്ച്മെന്റ് നടപടിയിലൂടെ പുറത്താക്കിയത്.