നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വര്‍ഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു നടന്‍ ദിലീപിന്റെ ആവശ്യം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ദിലീപ് 2019ല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സിംഗിള്‍ ബെഞ്ച് വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് ഇന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. നടി ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്. ഈ മാസം 11ന് തന്നെ വാദം പൂര്‍ത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇതിനിടയിലാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവര്‍ കോടതിയെ സമീപിക്കുന്നത് അപൂര്‍വമാണ്. കേസില്‍ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വേണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ടുവച്ചത്. 2017 ഏപ്രില്‍ 17ന് പൊലീസ് കുറ്റപത്രം നല്‍കിയതാണെങ്കിലും ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന മൊബൈല്‍ഫോണ്‍ ഇനിയും വീണ്ടെടുത്തിട്ടില്ല.