ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയോടെയാണ് തഹാവൂർ റാണയുമായുള്ള വിമാനം എയർഫോഴ്സ് ലാൻഡ് ചെയ്തത്. വെെകാതെ ഇയാളെ ചോദ്യം ചെയ്യലിനായി എൻഐഎ ആസ്ഥാനത്ത് എത്തിക്കും. പന്ത്രണ്ടംഗ സംഘമാണ് ചോദ്യം ചെയ്യുന്നത്. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. എൻഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കും.
റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.
കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കാൻ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു.