ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ആരാഞ്ഞ കോടതി, സിആര്‍പിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാവുമെന്നും ചോദിച്ചു.
അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ഏതാനും പേര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് വിജു എബ്രഹാം പരിഗണിച്ചത്. യുപിഐ ഇടപാടുകളുടെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പരാതിപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. കേസ് 28 ന് വീണ്ടും പരിഗണിക്കും
വിഷയം ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ക്ക് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ആവുകയും പണം നഷ്ടമാവുകയും ചെയ്തതായി കണ്ടെത്തി. വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു