ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍ 1 അവസാന ഭ്രമണപഥത്തിലേക്ക് ഇന്ന് വൈകിട്ടോടെ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കും. ഇന്ന് വൈകിട്ട് നാല് മണിയോടെ ആദിത്യ, ലാഗ്രാഞ്ച് പൊയിന്റ് 1 ന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റ് എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതാണ് ഹാലോ ഓര്‍ബിറ്റ്. ഭൂമിയില്‍ നിന്നും ഏകദേശം 1.5 മില്ല്യണ്‍ കിലോമീറ്റര്‍ അകലെയാണ് എല്‍ 1 പൊയിന്റ്. ഈ പ്രദേശത്ത് രണ്ട് വസ്തുക്കള്‍ക്കിടയിലുള്ള ഗുരുത്വാകര്‍ഷണ ബലം പരസ്പരം സന്തുലിതമാകും. അതിനാല്‍ ഈ പ്രദേശത്ത് നിന്നും ബഹിരാകാശ പേടകത്തിന് എളുപ്പത്തില്‍ സൂര്യനെ കാണാനും പഠിക്കാനും സാധിക്കും.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 2നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്ററില്‍ നിന്നും ആദിത്യ എല്‍1 വിക്ഷേപിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പേലോഡുകളാണ് ആദിത്യയിലുള്ളത്.126 ദിവസത്തെ യാത്രക്കൊടുവിലാണ് ആദിത്യ ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തില്‍ തുടരും. സൂര്യനെ അടുത്തറിയുകയും പഠിക്കുകയും ചെയ്യും. അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ് ദൗത്യകാലാവധി. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയെ പറ്റി പഠിക്കുക, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കുക, ഭൂമിയുടെ കാലാവസ്ഥയിലും ബഹിരാകാശ പരിസ്ഥിതിയിലും സൂര്യന്റെ സ്വാധീനം മനസ്സിലാക്കുക, സൂര്യന്റെ കാന്തിക വലയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് ആദിത്യ എല്‍1 ന്റെ പ്രധാന ലക്ഷ്യങ്ങള്‍.ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.