കാസർകോട്: പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്സിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജരാണ് ഐശ്വര്യ.