ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റ് പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മിർപൂരിൽ സന്ദർശനം നടത്തിയതിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ജെയ്ൻ മാരിയറ്റ് ജനുവരി 10നാണ് മിർപുർ സന്ദർശിച്ചത്. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക