കൊച്ചി: എറണാകുളം ലോ കോളേജിൽ പ്രധാനമന്ത്രിക്കെതിരെ ബാനറിനെ പിന്നാലെ പോസ്റ്റർ പതിച്ച് കെ എസ് യു . ഗോ ബാക്ക് മോദി എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. പൊലീസ് എത്തി പോസ്റ്റർ നീക്കം ചെയ്തു. എതിർക്കാൻ ശ്രമിച്ച രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റർ പ്രകോപനമെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ലോ കോളേജിന് മുന്നിൽ എത്തി. പോസ്റ്ററിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ലോ കോളേജിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിയുയർന്നു. സംഘർഷം ഉണ്ടായ പശ്‌ചാത്തലത്തിൽ എഡിജിപി എം ആർ അജിത്കുമാർ ലോ കോളേജിൽ എത്തി. പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.
നേരത്തേ ലോ കോളേജ് കവാടത്തില്‍ കെഎസ്‌യു പ്രധാനമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയിരുന്നു. എ ബിഗ് നോ ടു മോദി, നോ കോംപ്രമൈസ് എന്നെഴുതിയ ബാനറുകളായിരുന്നു രാവിലെ ഉയർത്തിയത്. പ്രധാനമന്ത്രി റോഡ് ഷോ നടക്കുന്ന ഭാഗത്തേക്കായായിരുന്നു ബാനർ ഉയർത്തിയത്. ഈ ബാനർ പൊലീസെത്തി അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധമായി പോസ്റ്റർ പതിക്കുകയായിരുന്നു കെ എസ് യു പ്രവർത്തകർ.