Share this Article
തിരിച്ചടി; ഇറാനില്‍ കടന്ന് പാക്കിസ്ഥാന്റെ വ്യോമാക്രമണം; സംഘര്‍ഷം കനക്കുന്നു
വെബ് ടീം
posted on 17-01-2024
1 min read
pakistan-retaliated-by-airstrikes-on-iran

ഇസ്ലാമാബാദ്: ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിച്ച് പാകിസ്ഥാന്‍. ഇറാനില്‍ കടന്ന് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തി. ഇറാനില്‍ ഏഴിടത്ത് ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. പ്രകോപനപരമായ നടപടിക്കെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി.

ഇറാനിലുള്ള ബലൂചിസ്ഥാന്‍ വിഘടനവാദികളുടെ രഹസ്യതാവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായും ഇസ്ലാമാബാദ് അവകാശപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നിവയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാകിസ്ഥാന്‍ ഇറാനില്‍ കടന്ന് തിരിച്ചടി നല്‍കിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ കനത്തു. തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു. 

ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ച്​ഗുർ മേഖലയിലാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇറാനുമായി അതിർത്തി പങ്കിടുന്ന ​ഗ്രാമീണ മേഖലയാണ് പഞ്ച്​ഗുർ. ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പെൺകുട്ടികൾക്ക് പരിക്കേറ്റു.  ഇതിനുപിന്നാലെ പാകിസ്ഥാൻ ഇറാൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയിരുന്നു.

ഇറാനിൽ നിന്നു സ്വന്തം പ്രതിനിധിയെ പാകിസ്ഥാൻ തിരിച്ചു വിളിക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ജയ്ഷ് അൽ അദ്ൽ ഭീകര സം​ഘടയ്ക്ക് നേർക്കാണ് ആക്രമണമെന്നു ഇറാൻ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ വ്യോമ മേഖലയിലേക്ക് ഇറാൻ പ്രകോപനമില്ലാത്ത കടന്നു കയറ്റമാണ് ആക്രമണത്തിലൂടെ ഇറാൻ നടത്തിയതെന്നു പാകിസ്ഥാൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories