മണിപ്പൂരില്‍ മ്യാന്‍മര്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ളതായി മണിപ്പൂര്‍ സുരക്ഷ ഉപദേഷ്ടാവിന്റെ ആരോപണം. മണിപ്പൂര്‍ അതിര്‍ത്തിയില്‍ പൊലീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരിലെ അതിര്‍ത്തി നഗരമായ മോറെയില്‍ പൊലീസ് കമാന്‍ഡോകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള തീവ്രവാദഗ്രൂപ്പുകള്‍ക്ക് പങ്കുള്ളതായാണ് മണിപ്പൂര്‍ സുരക്ഷ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗിന്റെ ആരോപണം. കുക്കി തീവ്രവാദികളാണ് മൊറൊയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും രണ്ട് കമാന്‍ഡോകള്‍ കൊല്ലപ്പെടുന്നതിന് ഇത് ഇടയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണത്തെ ചെറുക്കാന്‍ മണിപ്പൂര്‍ സേന സജ്ജമാണെന്നും മ്യാന്‍മര്‍ വിമത ഗ്രൂപ്പായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സാണ് ഇതിന് പിന്നിലെന്നും കുല്‍ദീപ് സിങ് വിമര്‍ശിച്ചു. അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളും അതിര്‍ത്തി കടന്നുവരുന്ന തീവ്രവാദ വിഘടനവാദത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറില്‍ നിന്നുള്ള തീവ്രവാദഗ്രൂപ്പുകള്‍ പൊലീസ് യൂണിഫോമിലെത്തിയാണ് ഈ ആക്രമം അഴിച്ചുവിടുന്നതെന്നും ആരോപിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം മണിപ്പൂര്‍ വീണ്ടും അശാന്തമാകുന്നതിനിടയിലാണ് മ്യാന്‍മറിലെ തീവ്രവാദഗ്രൂപ്പുകള്‍ക്ക് നേരെ മണിപ്പൂര്‍ സുരക്ഷ ഉപദേഷ്ടാവിന്റെ പരാമര്‍ശം. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുകയാണ്. മലയടിവാരത്തിന് സമീപമുള്ള രണ്ട് താഴ്വര പ്രദേശങ്ങളില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല.. മോറോയിലേക്ക് കൂടുതല്‍ സൈനികനീക്കത്തിനും സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.