Share this Article
സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായി; ഇളകിയ മണ്ണ് പരിശോധിച്ചപ്പോൾ ക്ഷേത്ര മൈതാനത്ത് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹം
വെബ് ടീം
posted on 24-01-2024
1 min read
missing-mandya-woman-teacher-found-killed-body-buried-in-remote-area-enquiry

പാണ്ഡവപുര: രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കർണാടക മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 

രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപിക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നാട്ടുകാരും പൊലീസും ദീപികയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് ഇവരുടെ സ്കൂട്ടർ കണ്ടെത്തി.

ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അധ്യാപികയായ ദീപിക. ഇവർ പ്രദേശവാസിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിധിൻ എന്നയാളാണ് അവസാനം ദീപികയുമായി ഫോണിൽ സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് കണ്ടെത്തി. നിധിനെ പിടികൂടിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. നിധിനെ  കണ്ടെത്തുന്നതിനായി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ ദീപികയ്ക്ക് മറ്റ് ശത്രുക്കളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories