Share this Article
ലോങ് ഡ്രൈവിന് ഇറങ്ങി; വഴിയിൽ വച്ച് ഭാര്യയെ വെടിവച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
വെബ് ടീം
posted on 31-01-2024
1 min read
/depressed-man-kills-his-wife-later-shoots-self-in-ghaziabad

ഗാസിയബാദ്: വൃക്കരോഗത്തെ തുടര്‍ന്ന് മനോവിഷമത്തിലായ യുവാവ് ഭാര്യയെ വെടിവച്ച് കൊന്ന് ജീവനൊടുക്കി. ഗാസിയബാദിലാണ് സംഭവം. ലോങ് ഡ്രൈവ് പോകാമെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ട് പോയ വിനോദ് ചൗധരിയാണ് ക്രൂരകൊലപാതകത്തിന് ശേഷം സ്വയം വെടിവച്ച് മരിച്ചത്. മധുപന്‍ ബാപുധാമില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. 

റൂര്‍ക്കി സ്വദേശിയായ വിനോദ് സ്വകാര്യകമ്പനിയിലെ ജോലി രാജിവച്ച ശേഷം കൃഷിയില്‍ ശ്രദ്ധിച്ച് കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇയാള്‍ക്ക് വൃക്കരോഗം സ്ഥിരീകരിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ വെളിപ്പെടുത്തി. 

ശസ്ത്രക്രിയയും ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇയാള്‍ ഇന്‍റര്‍നെറ്റില്‍ മറ്റ് ചികില്‍സാ മാര്‍ഗങ്ങള്‍ തിരഞ്ഞതായി പൊലീസ് പറയുന്നു. അഞ്ച് മാസം മുന്‍പ് രോഗം വഷളായതോടെയാണ് ഭാര്യയെ കൊന്ന് ജീവനൊടുക്കാന്‍ വിനോദ് തീരുമാനിച്ചത്. ഇക്കാര്യം ബന്ധുവിനോട് പറയുകയും ചെയ്തെങ്കിലും അവര്‍ കാര്യമാക്കിയില്ല. വിനോദ് കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

തിങ്കളാഴ്ച രാത്രി പത്തരയോടെ ലോങ് ഡ്രൈവിന് പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങിയതാണ് വിനോദും ഭാര്യ ദീപകും. പുലര്‍ച്ചെ രണ്ട് മണിയായിട്ടും ഇരുവരും മടങ്ങിവരാതിരുന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പലവട്ടംവിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ സംശയം ബലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ  മധുപന്‍ ബാപുധാമിലെ റോഡരികില്‍ ദമ്പതികള്‍ മരിച്ചനിലയില്‍ കിടക്കുന്നുവെന്ന സന്ദേശമെത്തിയതോടെയാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. തുടര്‍ന്ന് മരിച്ചത് ഇവര്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. രണ്ടാഴ്ചയ്ക്ക് മുന്‍പ് വിനോദ് സുഹൃത്തായ ബീനുവിനോട് ഒരു തോക്ക് വേണമെന്ന് പറഞ്ഞിരുന്നുവെന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്ത് തോക്ക് എത്തിച്ചു നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories