Share this Article
ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല;വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
വെബ് ടീം
posted on 05-02-2024
1 min read
/supreme-court-criticized-the-electoral-officer-in-the-chandigarh-mayoral-election

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. ജനാധിപത്യം അവഹേളിക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ വരാണാധികാരിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ചോദിച്ചു.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. കോടതിയെ പോലും ഞെട്ടിക്കുന്ന നടപടിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത്.

ഇങ്ങനെയാണോ ഒരു വരണാധികാരി പെരുമാറേണ്ടത്. ഇയാളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് ഇടക്കാല ഉത്തരവ് നല്‍കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഇന്നു വൈകീട്ട് അഞ്ചിനകം നിര്‍ദേശം പാലിച്ചിരിക്കണം. ബാലറ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവ ഭദ്രമായി സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി കോടതിയെ സമീപിച്ചത്.

മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിനെയാണ് ബിജെപിയുടെ മനോജ് സാങ്കർ പരാജയപ്പെടുത്തിയത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് മനോജ് വിജയിച്ചത്. കുൽദീപിന് 12 വോട്ടുകൾ ലഭിച്ചു. എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ്, മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories