കൊച്ചി: സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്നതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ്. വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വകുപ്പിന്റെ തീരൂമാനം.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമം ആയിരിക്കും. നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ പി ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധനയും ഉണ്ട്.
നിയമ ലംഘനം കണ്ടെത്തിയാല്‍ 1958ലെ മിനിമം വേജസ് ആക്ട് പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറെ പരാതി അറിയിക്കാവുന്നതാണ്. സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുകയാണ്. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 ) എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.