കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശനം നടത്തും. കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി ബുധനാഴ്ച എത്തുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.