Share this Article
വീട്ടിലെ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍
വെബ് ടീം
posted on 23-02-2024
1 min read
home-birth-death-thiruvananthapuram-updation

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories