Share this Article
ഇ–ബൈക്കിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം; 17 പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 25-02-2024
1 min read
fazil-khan-27-years-old-indian-journalist-died-in-manhattan-fire-accident-new-york

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ ആറുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ യുവാവിന് ദാരുണാന്ത്യം. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തിരുന്ന ഫാസില്‍ ഖാന്‍ (27) ആണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇ-ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയില്‍നിന്നാണ് തീപടര്‍ന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാന്‍ഹട്ടണിലെ ഹര്‍ലേമിലുള്ള 2-സെന്റ് നിക്കോളാസ് പ്ലേസിലെ പാര്‍പ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ഫെബ്രുവരി 23 വെള്ളിയാഴ്ച ഉച്ചയോടെ കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു അപകടം. ഇവിടെനിന്ന് മറ്റുനിലകളിലേക്കും തീ പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും തീയില്‍നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അഞ്ചാംനിയലില്‍ നിന്ന് താമസക്കാര്‍ ജനലിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.

അപകടത്തില്‍പെട്ടവരെല്ലാം അഞ്ചാംനിലയില്‍ ഉണ്ടായിരുന്നവരാണ്. രക്ഷപെടുത്തിയ 17 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ദി ഹെക്കിന്‍ജെര്‍ റിപ്പോര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ഫാസില്‍. ഡല്‍ഹിയില്‍ പ്രമുഖമാധ്യമ സ്ഥാനപനത്തില്‍ ജോലി ചെയ്തിരുന്ന ഫാസില്‍ 2020-ലാണ് ഉന്നതപഠനത്തിനായി ന്യൂയോര്‍ക്കിലേക്ക് പോയത്. കൊളംബിയ ജേര്‍ണലിസം സ്‌കൂളില്‍ നിന്ന് ഡിഗ്രി എടുത്ത ശേഷമാണ് ദി ഹെക്കിന്‍ജെര്‍ റിപ്പോര്‍ട്ടില്‍ ജോലിക്ക് കയറിയത്.

ഫാസിലിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഫാസിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടതായും മൃതദേഹം വിട്ടുകിട്ടുന്നതിനും ഇന്ത്യയില്‍ എത്തിക്കുന്നതിനും വേണ്ട നടപടികളില്‍ സഹകരിക്കുമെന്നും ദി ഹെക്കിന്‍ജെര്‍ റിപ്പോര്‍ട്ട് അധികൃതർ എക്‌സിലൂടെ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories