തിരുവനന്തപുരം: കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്ലിനെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സുപ്രിംകോടതി വിധിക്ക് മേലേ നിയമങ്ങൾ കൊണ്ടുവരാൻ അനുവദിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടു ബാവ അഭ്യർത്ഥിച്ചു. മന്ത്രിമാരായ വാസവനെയും, വീണാ ജോർജിനെയും വേദിയിലിരുത്തിയാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ്റെ അഭ്യർത്ഥന
ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. വോട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചകൾക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കുന്ന നിയമങ്ങൾ കൊണ്ടുവരാൻ അനുവദിക്കില്ല എന്നും കത്തോലിക്ക ബാവ പറഞ്ഞു. മാർത്തോമാ സഭാ സംഗമത്തിലാണ് കത്തോലിക്ക ബാവയുടെ പരാമർശം.
ചർച്ച് ബില്ലിനെതിരെ കഴിഞ്ഞ ദിവസവും കാതോലിക്കാ ബാവ രംഗത്ത് വന്നിരുന്നു.ബിൽ അംഗീകരിച്ചുകൊണ്ട് സഭാതർക്കത്തിൽ സമവായം സാധ്യമല്ലെന്ന് ചർച്ച് ബില്ലുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നു മായിരുന്നു കഴിഞ്ഞ ദിവസം അദേഹം പ്രതികരിച്ചത്. അത്തരം ഉറപ്പാണ് സർക്കാരിലെ ഉന്നതസ്ഥാനത്തുള്ളവർ തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്ത് സമാധാനനിർദേശമുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് പറയാം. പ്രധാനമന്ത്രിയും സമവായത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം നിയമം പാലിക്കുമെന്ന് ഗവർണർ. പ്രസംഗത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി പരാമർശിച്ച് മറുപടി.നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ബാധ്യത തനിക്കുണ്ടെന്ന് ഗവർണർ പറഞ്ഞു.