തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് മോദി പറഞ്ഞു. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019ല്‍ കേരളത്തില്‍ ബിജെപിയെ കുറിച്ചു പ്രതീക്ഷകളായിരുന്നെങ്കില്‍ ഇത്തവണ അത് വിശ്വാസമായി മാറി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അതിനായി അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു. കേരളമെന്നുപറഞ്ഞാല്‍ കാലത്തിന് മുന്‍പേ ചിന്തിക്കുന്നവരാണ്. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുദ്രവാക്യമെങ്കില്‍ ഇത്തവണ 400ലധികം സീറ്റുകള്‍ എന്നാതാണെന്ന് മോദി പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം പരാജയപ്പെടും. അവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. നാടിന്റെ വികസനത്തിനുള്ള ഒരു പദ്ധതിയും അവരുടെ കൈയില്‍ ഇല്ല. അവരുടെ ഒരേഒരു അജണ്ട മോദിയെ ചീത്തവിളിക്കുക എന്നതാണ്. കേരളീയര്‍ പ്രതിഭാധനരരാണ്. കേരളം ഈ തവണ നാടിന്റെ പുരോഗതിക്കായി ബിജെപിക്കും എന്‍ഡിഎയ്ക്കും പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു
കേരളത്തിലെ എന്റെ സഹോദരി സഹോദരന്‍മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, പിസി ജോര്‍ജ്, സുരേഷ് ഗോപി, അനില്‍ ആന്റണി തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.