Share this Article
ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോ വാട്സാപ്പ് ഗ്രുപ്പുകളിലിട്ട് ഭര്‍ത്താവ്
വെബ് ടീം
posted on 28-02-2024
1 min read
man killed his wife and shared video on whatsapp group

രാജ്‌കോട്ട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോ വാട്സാപ്പ് ഗ്രുപ്പുകളിലിട്ട് ഭര്‍ത്താവ് . സോളാപുര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്‌കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളും ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ മറ്റു താമസക്കാരോട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഭാര്യയെ താന്‍ കൊന്നതാണെന്ന കുറ്റസമ്മതവും വീഡിയോയിലുണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രതി തന്നെ പൊലീസിനെ വിളിച്ച് കുറ്റസമ്മതവും നടത്തി.

കരാറുകാരനും വ്യാപാരിയുമായ ജിരോളി രാജ്‌കോട്ടിലെ അംബിക ടൗണ്‍ഷിപ്പിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇയാള്‍ പങ്കുവെച്ചത്.

ചോരയില്‍കുളിച്ച് കിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നത്. തന്റെ കൂട്ടുകാരനുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ ഇയാള്‍ മറ്റുള്ളവരോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. 

അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പ്രതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്താല്‍ കൈയില്‍ വിലങ്ങണിയിക്കരുതെന്നും സ്ഥിരം കുറ്റവാളികളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു.

തന്റെ കൂട്ടുകാരനുമായുള്ള രഹസ്യബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ല. കാമുകനൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുന്ന മകളുടെ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ വീട്ടില്‍ നിന്ന് പോകരുതെന്നും താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ ഇതിന് സമ്മതിച്ചില്ലെന്നും പ്രതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

സോളാപുര്‍ സ്വദേശിയായ ജിരോളിയും കുടുംബവും 2003 മുതലാണ് രാജ്‌കോട്ടില്‍ സ്ഥിരതാമസമാക്കിയത്. ദമ്പതിമാര്‍ക്ക് 17 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനും ഉണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. തലയ്ക്കടിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇതിനുശേഷം രണ്ട് വീഡിയോകളാണ് മൃതദേഹത്തിനൊപ്പം പ്രതി ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ വീഡിയോകളാണ് പിന്നീട് അപ്പാര്‍ട്ട്‌മെന്റിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇതിനുശേഷം 5.30-ഓടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

 ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സുഹൃത്തിന്റെയടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories