ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ഇന്ന് പ്രവൃത്തി സമയം തീരും മുൻപ് കൈമാറണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നു വൈകീട്ട് അഞ്ചരയോടെയാണ് കമ്മീഷനു എസ്ബിഐ വിവരങ്ങൾ കൈമാറിയത്.
ഈ മാസം 15ഓടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. സുപ്രീം കോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തും.
വിവരങ്ങള്‍ ലഭിച്ചതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്നും കോടതി വിധിച്ചു.
വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.
എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.