Share this Article
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
വെബ് ടീം
posted on 14-03-2024
1 min read
electoral-bonds-data-published-in-election-commission-website

ന്യൂഡൽഹി: സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടേയും വിവരങ്ങളാണുളളത്.

ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്സ് , നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുളളത്. 

2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ 26 ദിവസങ്ങളിൽ എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്ബിഐയോടു ചോദിച്ചു. ‘സാവകാശം തേടി എസ്ബിഐ നൽകിയ അപേക്ഷയിൽ ഇതുവരെ ചെയ്തത് എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. എസ്ബിഐയിൽനിന്ന് അൽപം ആത്മാർഥത പ്രതീക്ഷിക്കുന്നു’– കോടതി തുറന്നടിച്ചു. വേണ്ടത്ര വിവരങ്ങൾ എസ്ബിഐയുടെ കൈവശമുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിമർശനം. വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ സങ്കീർണതയും മറ്റും ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ സാവകാശം തേടിയത്.

വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങൾ പുറത്തുവരുന്നതു തടയാൻ കേന്ദ്ര സർക്കാർ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമർശനങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. 

പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories