കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പിഎംഎ സലാം അറിയിച്ചു. കമ്മീഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.