ഗോലാഘട്ട്: വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. 15കാരിയെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചത്.
ശനിയാഴ്ച്ചയാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. അതേസമയം, അന്വേഷണത്തിൽ തെളിവുകൾ കിട്ടിയെന്നും പൊലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്സോ കേസുൾപ്പെടെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു.