Share this Article
image
പൊലീസ് യൂണിഫോമിൽ വിവാഹനിശ്ചയത്തിനെത്തി!, പ്രതിശ്രുത വരന് സംശയം; യുവതി എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയതിന് പിടിയിൽ
വെബ് ടീം
posted on 20-03-2024
1 min read
woman-arrested-for-impersonating-as-rpf-sub-inspector-in-telangana

ഹൈദരാബാദ്: എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പൊലീസിന്റെ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) എസ്.ഐയായി  വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയ യുവതിയേക്കുറിച്ച് പ്രതിശ്രുതവരന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് റെയില്‍വേ പൊലീസ്'ഡ്യൂപ്ലിക്കേറ്റ് എസ്.ഐ.'യെ കൈയോടെ പിടികൂടുകയായിരുന്നു.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018-ല്‍ ആര്‍.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐ.യായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം ആരംഭിച്ചത്.കഴിഞ്ഞ ഒരുവര്‍ഷമായി യുവതി ആള്‍മാറാട്ടം നടത്തുകയാണെന്നും എസ്.ഐ. യൂണിഫോം ധരിച്ച് ആളുകളെ കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

2023-ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കാക്കിയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം എവിടെ പോകുമ്പോഴും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. കുടുംബ ചടങ്ങുകളിലും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴും യാത്രകളിലും മാളവിക എസ്.ഐ. യൂണിഫോമാണ് ധരിച്ചിരുന്നത്. ഇതോടെ യുവതി ശരിക്കും ആര്‍.പി.എഫ്. ഉദ്യോഗസ്ഥയാണെന്ന് പലരും തെറ്റിദ്ധരിച്ചു.

ആള്‍മാറാട്ടം 'നല്ലരീതി'യില്‍ മുന്നോട്ടുപോകുന്നതിനിടെ വനിതാ എസ്.ഐ.യ്ക്ക് സാമൂഹികമാധ്യമങ്ങളിലും ആരാധകരുണ്ടായി. ഇതിനുപുറമേ നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. മാര്‍ച്ച് എട്ടിന് നടന്ന വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍.

എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ മാളവിക തന്റെ വിവാഹനിശ്ചയ ചടങ്ങിലും യൂണിഫോം ധരിച്ചാണ് എത്തിയത്. മാര്‍ച്ച് ആദ്യവാരം നടന്ന ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന് ചില സംശയങ്ങള്‍ തോന്നി. പിന്നാലെ, ഐ.ടി. ഉദ്യോഗസ്ഥനായ ഇയാൾ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം തന്നെ നടത്തി. ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവര്‍ക്ക് ഒരു ജോലിയും ഇല്ലെന്നും വ്യക്തമായി. പിന്നാലെ, ഈ വിവരം പോലീസിലും എത്തി. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories