നിരന്തരമായ നിയമ - സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി ലഭിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി.ബി.അനിത ജോലിയില്‍ പ്രവേശിച്ചു. ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയതിന്റെ പേരിലാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വേട്ടയാടലിന് അനിതയ്ക്ക് ഇരയാകേണ്ടി വന്നത്. പീഡനക്കേസിലെ അതിജീവിതയ്‌ക്കൊപ്പം എത്തിയാണ് പി.ബി.അനിത ജോലിയില്‍ വീണ്ടും പ്രവേശിച്ചത്. നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അത് വൈകിയതില്‍ അതൃപ്തിയുണ്ടെന്നും അനിത പ്രതികരിച്ചു.
2023 മാർച്ച് 18ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയ്ക്ക് അനുകൂലമായി സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിത മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് ഭരണാനുകൂല സംഘടനകളുടെ നോട്ടപ്പുള്ളിയായ അനിതയെ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി എന്ന് കാണിച്ച് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിച്ച അനിതയ്ക്ക് അനുകൂലമായി കോടതി ഉത്തരവും വന്നു. അനിതയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഏപ്രിൽ ഒന്നിന് ഹൈക്കോടതിയുടെ അനുകൂല വിധിയുമായി വന്ന അനിതയെ ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ സമ്മതിച്ചില്ല. സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ ദുർവാശി. തുടർന്ന് കഴിഞ്ഞ ആറു ദിവസമായി ഓഫീസ് കവാടത്തിനു മുമ്പിൽ കുത്തിയിരുന്ന അനിത സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയും സമർപ്പിച്ചു. അനിതയ്ക്ക് വീഴ്ച സംഭവിച്ചു എന്ന് കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിയുടെ വാക്കുകളെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. അതിനിടെ നാളെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യവകുപ്പ് അനിതയ്ക്ക് പുനർനിയമനം നൽകി ഉത്തരവിട്ടത്. തുടർന്ന് ഇന്ന് രാവിലെ 10.30 ന് ശേഷമാണ് ജോലിയിൽ പ്രവേശിക്കാനായി അനിത എത്തിയത്. തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ അത് ഹൈക്കോടതിയിൽ തെളിയിക്കണമെന്ന് അനിത വെല്ലുവിളിച്ചു.
ജോലിയിൽ തിരികെ പ്രവേശിച്ചെങ്കിലും കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് പി.ബി.അനിതയുടെ തീരുമാനം. നിയമപരമായും സമരത്തിലൂടെയുമുള്ള അനിതയുടെ പോരാട്ടത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.