സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നീറ്റ് വേവ് മെഗാ മോക്ക് ടെസ്റ്റ് ഏപ്രില്‍ 28ന് ആരംഭിക്കും. നീറ്റ് പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ടെസ്റ്റ് ആണ് ഇതെന്ന് സംഘാടകര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നീറ്റിന് മുന്നോടിയായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് കൂട്ടായ്മയാണ് നീറ്റ് വേവ് മെഗാ മോക്ക് ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ ആലപ്പൂഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍ കോളേജ് യൂണിയനുകളാണ് ഏപ്രില്‍ 28ന് പതിനാല് ജില്ലകളിലുമായി നടത്തുന്ന ടെസ്റ്റിന്‍റെ സംഘാടകര്‍.
മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഇത് നീറ്റ് എഴുതാനിരിക്കുന്നവര്‍ക്ക് ഗുണകരമാകുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. മോക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നേരിട്ടും ഓണ്‍ലൈനായും പ്രഗത്ഭരായ അധ്യാപകരുടെ സൗജന്യ പരിശീലനം ലഭിക്കും.
മാതൃകാ ചോദ്യപ്പേപ്പറുകളും നല്‍കും. മൂവായിരത്തിലേറെ വിദ്യാഭ്യാസ വിദഗ്ധരാണ് മോക്ക് ടെസ്റ്റിനായി അണിനിരക്കുന്നത്. ടെസ്റ്റിനായി 2,500 സന്നദ്ധപ്രവര്‍ത്തകരും 400 ഇന്‍വിജിലേറ്റര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ മെഡിക്കല്‍ കോളേജ് യൂണിയനുകളുടെ നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആര്‍ദ്രം പദ്ധതിക്ക് താങ്ങാവുക എന്നതും കൂട്ടായ്മയുടെ ലക്ഷ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി സന്തോഷ്, ഹരിഗോവിന്ദ് ആര്‍, ശ്രീതുല്‍, ദേവിക, അഷല്‍ എന്നിവര്‍ പങ്കെടുത്തു.