സംസ്ഥാനം പോളിങ് ബൂത്തിലെത്താന്‍ ഇനി അഞ്ചുനാളുകള്‍. ചൂണ്ടുവിരലറ്റത്തെ വോട്ടുമഷി ശക്തമായ ജനാധിപത്യ മുദ്രയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ചെന്നതിന്റെ അഭിമാന ചിഹ്നം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുക 63100 കുപ്പി വോട്ടുമഷിയാണ്.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് അഞ്ചുദിവസം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി അഥവാ (ഇന്‍ഡെലിബിള്‍ ഇങ്ക്) വിതരണ കേന്ദ്രങ്ങളില്‍ എത്തി. 63,100 കുപ്പി മഷിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കുറി 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല.
പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് മാഞ്ഞു പോവാന്‍. സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍(എംവിപിഎല്‍) നിന്ന് എത്തിച്ചത്.
ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് ഈ കമ്പനിക്ക് മാത്രമാണ്. ഒരു കുപ്പിയില്‍ പത്തുമില്ലി മഷി 700 ഓളം വോട്ടര്‍മാരുടെ വിരലുകളിലേക്ക് മതിയാകും. 1962 ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അന്ന് തൊട്ടിന്നോളം എല്ലാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യത്തിന്റെ മായാമുദ്രയാകുന്നുണ്ട് ചൂണ്ടുവിരലറ്റത്തെ മഷി അടയാളം.