തൃശ്ശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിനു സമീപം അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു.ശോഭാ സുരേന്ദ്രന്റെ അയ്യന്തോളിലെ വീടിന്റെ എതിർവശത്തെ വീട്ടിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. സ്ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ശോഭാ സുരേന്ദ്രന്റെ എതിർവശത്തെ വീടിന് മുൻപിലെ തറയിൽ വീണാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. സ്ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പരിസരവാസികൾ വിവരം അറിയുന്നത്. സംഭവം അറിഞ്ഞയുടൻ സിറ്റി എസിപിയുടെ നേതൃത്വത്തിൽ ടൗൺ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. ഒരു കാർ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ തെളിവുകൾ ശേഖരിച്ച പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും, തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണ് എന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു. ഇതുകൊണ്ടൊന്നും തന്നെ തളർത്താം എന്ന് ആരും കരുതേണ്ടെന്നും ശോഭാസുരേന്ദ്രൻ വ്യക്തമാക്കി.