കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കഥാകൃത്തും നോവലിസ്റ്റുമാണ് കെ. അരവിന്ദാക്ഷൻ.
ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകൻ കെ. ബി. പ്രസന്നകുമാർ, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി.എച്ച്. ദിരാർ എന്നിവർ പ്രഭാഷണം നടത്തും.