ന്യൂഡൽഹി:പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകുന്നതിനൊപ്പം പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നു മോദി പറഞ്ഞു.പത്തുവർഷം മുമ്പു പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരുന്നതു ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമായിരുന്നു. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാനായില്ല. ഞങ്ങൾ മുദ്രാവാക്യങ്ങളൊന്നും പറഞ്ഞില്ല. ഞങ്ങൾ ശരിയായ വികസനം നൽകി. രാജ്യത്തെ പാവപ്പെട്ടവർക്കു നാലു കോടി വീടുകൾ ഇതുവരെ നൽകാനായി. പ്ലാസ്റ്റിക് കൂരയ്ക്കു കീഴിൽ മഴക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. അത് അനുഭവിച്ചവർക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസ്സിലാകൂ. 12 കോടിയിലേറെ ശുചിമുറികൾ രാജ്യത്തു പണിതു. ചില നേതാക്കൾ ആഡംബര ഷവറുകളില്‍ ശ്രദ്ധിച്ചപ്പോൾ ഞങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിനെ കുറിച്ചാണ്.ഗരീഭി ഹഠാവോ മുദ്രാവാക്യം എവിടെപ്പോയെന്ന് കോൺഗ്രസിനോട് ചോദിച്ച നരേന്ദ്രമോദി, ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി കോൺഗ്രസ് കബളിപ്പിച്ചപ്പോൾ എൻഡിഎ സർക്കാർ വികസനം പ്രാവർത്തികമാക്കുകയായിരുന്നു.
പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോസെഷൻ നടത്തി നേരം പോക്കുന്നവർക്കു പാർലമെന്റിൽ പാവപ്പെട്ടവരെക്കുറിച്ചു പറയുന്നത് ‘ബോറിങ്’ ആയി തോന്നും. അവരുടെ ദേഷ്യം എനിക്കു മനസിലാകും. നമ്മുടെ ഒരു മുൻ പ്രധാനമന്ത്രി പറഞ്ഞതു രാജ്യത്തെ പ്രധാന പ്രശ്നം ഒരു രൂപ ഡൽഹിയിൽനിന്നു കൊടുക്കുമ്പോൾ അതിൽ 15 പൈസ മാത്രമേ താഴേത്തട്ടിൽ എത്തുന്നുള്ളു എന്നാണ്. ആർക്കാണ് 15 പൈസ കിട്ടുന്നതെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടാകും. അന്നു പഞ്ചായത്തു മുതൽ പാർലമെന്റ് വരെ ഒരേയൊരു പാർട്ടിയാണ് അധികാരത്തിലുണ്ടായിരുന്നത്. അതിന് ഒരു പരിഹാരമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചു. സമ്പാദ്യത്തിനൊപ്പം വികസനവും (ബചത് ഭി, വികാസ് ഭി) എന്നതാണ് ഞങ്ങളുടെ രീതി. മുൻകാലങ്ങളിൽ പത്രങ്ങളുടെ തലക്കെട്ടുകളിൽ ഭൂരിഭാഗവും അഴിമതിയെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും ആയിരുന്നു. ഇത്തരത്തിൽ പോകേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നമ്മൾ തിരിച്ചുപിടിച്ചതും അത് ജനക്ഷേമത്തിനായി ഉപയോഗിച്ചതും. പണം ‘ചില്ലുകൊട്ടാരം’ പണിയുന്നതിന് ഉപയോഗിക്കാതെ രാജ്യനിർമാണത്തിനു വേണ്ടിയാണ് നാം ഉപയോഗിച്ചത്’’– നരേന്ദ്ര മോദി പറഞ്ഞു.കഴിഞ്ഞ പത്തുവർഷത്തിനിടെ ആദായനികുതി കുറച്ച് ഇടത്തരക്കാർക്ക് ലഭിക്കുന്ന വരുമാനം ഉയർത്താൻ കഴിഞ്ഞു. 2014ൽ 2 ലക്ഷം രൂപയായിരുന്നു ആദായനികുതി ഇളവിനുള്ള പരിധി. ഇന്ന് 12 ലക്ഷം വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട ആവശ്യമില്ലെന്നും മോദി ഓർമിപ്പിച്ചു.
അതേ സമയം മോദി സർക്കാർ അദാനി-അംബാനിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു