Share this Article
Union Budget
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ
 Delhi Election Results Tomorrow

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ. 70 നിയമസഭ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. എക്‌സിറ്റ് പോളുകള്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തള്ളുമ്പോള്‍ ഡല്‍ഹിയിലെ യഥാര്‍ത്ഥ ജനവിധി നാളെ അറിയാം

ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണം, കൊണ്ടും കൊടുത്തും മുന്നേറിയ പ്രചാരണ രംഗം. അഴിമതി ആരോപണം മുതല്‍ യമുന നദിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തല്‍ അടക്കമുള്ള വിവാദങ്ങളുടെ കുത്തൊഴുക്ക്. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി ഓഫീസുകള്‍ സജീവമാണ്.

ആത്മവിശ്വാസത്തിലാണ് മൂന്ന് പാര്‍ട്ടി കേന്ദ്രങ്ങളും. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വന്ന എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിക്ക് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു.

മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റുമാണ് ലഭിക്കുക. പീപ്പിള്‍സ് ഇന്‍ സൈറ്റിന്റെ പ്രവചനത്തിലും ബിജെപി തന്നെയാണ് മുന്നില്‍. പീപ്പിള്‍സ് ഇന്‍ സൈറ്റ് ബിജെപിക്ക് പ്രവചിക്കുന്നത് 44 സീറ്റുകളാണ്. ആംആദ്മിക്കാകട്ടെ 25 മുതല്‍ 29 സീറ്റുകളും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിക്കാനും സീറ്റ് ലഭിക്കാതിരിക്കാനുള്ള സാധ്യതയും പീപ്പിള്‍സ് ഇന്‍ സൈറ്റ് പ്രവചിക്കുന്നു.

പീപ്പിള്‍സ് പള്‍സിന്റെ പ്രവചനത്തില്‍ ബിജെപിക്ക് ലഭിക്കുന്നത് 51 മുതല്‍ 60 സീറ്റുകളാണ്. ആംആദ്മിക്ക് 10 മുതല്‍ 19 വരെയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ, സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേകളും ഡല്‍ഹി ബിജെപിയ്‌ക്കെന്ന് ആവര്‍ത്തിയ്ക്കുന്നു. എക്‌സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെ ബിജെപി ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എക്‌സിറ്റ് പോളും പരാജയപ്പെടുമെന്ന് എഎപിയും കോണ്‍ഗ്രസും അവകാശപ്പെട്ടു. 1.56 കോടി വോട്ടര്‍മാരുള്ള ഡല്‍ഹിയില്‍ 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15 ഓടെ ആദ്യ ഫല സൂചനകള്‍ ലഭിച്ച് തുടങ്ങും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories