Share this Article
Union Budget
കാല്‍ നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക്
BJP Set to Rule Delhi After 25 Years

കാല്‍ നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷം മറികടന്നു. ബിജെപി ആസ്ഥാനത്ത് ആഘോഷം ആരംഭിച്ചു .വൈകീട്ട് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.


ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അടിപതറി ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടിയുടെ പന്ത്രണ്ട് വര്‍ഷം നീണ്ട അപ്രമാദിത്യം തകര്‍ത്ത് ബിജെപി അധികാരം പിടിച്ചപ്പോള്‍ . നമ്പറിലേക്ക് ഒതുങ്ങി രണ്ടാം സ്ഥാനത്തില്‍ സംതൃപ്തരാകേണ്ടി വന്നു ആംആദ്മി പാര്‍ട്ടിക്ക്. ആപിന്റെ മുഖ്യമന്ത്രി പോലും പരാജയം രുചിച്ച തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി വാങ്ങിയിരിക്കുകയാണ് ആപ്.


ആംആദ്മി പാര്‍ട്ടി,  2012ല്‍ അഴിമതി വിരുദ്ധ ഇന്ത്യയെന്ന സ്വപ്‌നവുമായി സാധാരണക്കാരന്റെ പാര്‍ട്ടിയായി ഒരു കുറ്റിച്ചൂലും കൊണ്ട് രൂപീകൃതമായ പാര്‍ട്ടി. അരവിന്ദ് കേജ്രിവാളെന്ന മുഖവുമായി കന്നിതെരഞ്ഞെടുപ്പിനെ നേരിട്ടത് 2013ല്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം. 49 ദിവസം പിന്നിട്ടപ്പോള്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാനാകാതെ അധികാരത്തില്‍ നിന്ന് താഴേക്ക്, ആംആദ്മി പാര്‍ട്ടിയുടെ സംഭവബഹുലമായ പരാജയമറിയാത്ത ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പാര്‍ട്ടി രാജ്യതലസ്ഥാനത്ത് പരാജയം രുചിച്ചു.


2015 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എഴുപതില്‍ 67 സീറ്റും നേടിയ ആംആദ്മി പാര്‍ട്ടി 2020ലെ തെരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടി അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ വിവാദങ്ങളുടെ കൊടുങ്കാറ്റായിരുന്നു കേജ്രിവാളിന്റെ ഭരണകാലം നേരിട്ടത്. അഴിമതി വിരുദ്ധപാര്‍ട്ടിയെന്ന ഖ്യാതിയില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ് ഒറ്റകക്ഷിയായി അധികാരത്തിലിരുന്ന ആപിന് തിരിച്ചടിയായതും തുടരെ തുടരെ വന്ന അഴിമതി ആരോപണങ്ങള്‍.


മദ്യവിരുദ്ധ അഴിമതിയില്‍ ആപിന്റെ വന്‍മരങ്ങളെല്ലാം കടപുഴകി. മനീഷ് സിസോദിയയും അരവിന്ദ് കേജ്രിവാളും ജയിലഴിക്കുള്ളിലായി. ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തുമുള്ള മികവ് ആപിന്റെ ഭരണനേട്ടമായിരുന്നു. അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിന് പൊടിച്ച കോടികളില്‍ തുടങ്ങിയ വിവാദക്കൊടുങ്കാറ്റാണ് ഇപ്പോള്‍ അധികാരത്തില്‍ നിന്ന് ആപിനെ താഴെ ഇറക്കിയത്.


പിന്നാലെ വന്ന മദ്യനയ അഴിമതി , ഇഡി അന്വേഷണങ്ങള്‍ യമുന നദിയിലെ മാലിന്യപ്പത അങ്ങനെ കുറ്റിച്ചൂല്‍ കൊണ്ട് ക്ലീന്‍ ഡല്‍ഹിക്കിറങ്ങിയ ആപിന് അടിപതറി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയില്‍ ശിക്ഷ അനുഭവിച്ച രാഷ്ട്രീയ കാലമെന്ന അപൂര്‍വതയും ആപിന് സ്വന്തമായി. ഒപ്പം തുടര്‍ ജയങ്ങള്‍ക്കൊടുവില്‍ അധികാരത്തില്‍ നിന്ന് താഴേക്ക്, മുഖ്യപ്രതിപക്ഷമായി ആംആദ്മി പാര്‍ട്ടി ഇനിയുള്ള 5 വര്‍ഷക്കാലത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കും.


ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച ആംആദ്മി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ കൈകൊടുത്തില്ല. ആപിന്റെ തോല്‍വിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തതെ അപ്രസക്തമായെന്നത് മറ്റൊരുയാഥാര്‍ത്ഥ്യം.


ഡല്‍ഹിയില്‍ സംപൂജ്യരായി കോണ്‍ഗ്രസ്. തുടര്‍ച്ചയായ മൂന്നാംതവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായല്ല. പതിനഞ്ച് വര്‍ഷത്തോളം ഭരിച്ച രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. 


 1998 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച പാര്‍ട്ടി, ഷീല ദീക്ഷിത് എന്ന വനിതാമുഖ്യമന്ത്രിയെ അവതരിപ്പിച്ച് മൂന്ന് തവണ രാജ്യതലസ്ഥാനത്ത് ആധിപത്യം തുടര്‍ന്ന പാര്‍ട്ടി. എന്നാലിന്ന് സംപൂജ്യരായിരിക്കുകയാണ് കോണ്‍ഗ്രസ്. വലിയ മുന്നേറ്റം പ്രതീക്ഷച്ച തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും പാര്‍ട്ടിക്ക് നേടാനായില്ല.


2013ല്‍ ആംആദ്മിയുടെ വരവോടെയാണ് കോണ്‍ഗ്രസിന്റെ പ്രഭാവം ഡല്‍ഹിയില്‍ മങ്ങിത്തുടങ്ങിയത്. അന്ന് 8 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ആംആദ്മിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയെങ്കിലും 49 ദിവസം മാത്രമായിരുന്നു ആയുസ്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി 67 സീറ്റും ബിജെപി മൂന്ന് സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലുണ്ടായില്ല.


2020ലും അത് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ 48 സ്ഥാനാര്‍ത്ഥികള്‍ക്ക് 5% ല്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്.  2003ല്‍ 48% ഉണ്ടായിരുന്ന വോട്ട് വിഹിതം 2020ല്‍ 4.3 ശതമാനമായി കുറഞ്ഞു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആംആദ്മിയുമായി സഖ്യത്തില്‍ മത്സരിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല.


രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രധാന നേതാക്കളെ ഇറക്കി ഇന്ദ്രപ്രസ്ഥം പിടിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ 

ഇക്കുറിയും അസ്തമിച്ചു. ബിജെപി തരംഗത്തില്‍ ഡല്‍ഹിയില്‍ പ്രബല പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാനാവാതെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും മാഞ്ഞു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories