ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. മുഖ്യമന്ത്രി ആരെന്നതില്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനം എടുക്കട്ടയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തിനായി പോകും മുന്‍പ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. അതെ സമയം മുഖ്യമന്ത്രി അതിഷി ലഫ്റ്റൻ് ഗവർണർക്ക് രാജി കത്ത് കൈമാറി.
അരവിന്ദ് കെജ്രിവാളിനെ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ, ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവ് ശിഖ റോയ് എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തില്‍ ചര്‍ച്ചയാകുന്നത്.
കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടിയുമായി ചേര്‍ന്ന് 'ഇരട്ട എഞ്ചിന്‍' ഭരണം ഡല്‍ഹിയില്‍ നടപ്പാക്കുമെന്ന് പര്‍വേഷ് വര്‍മ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പര്‍വേഷ് വര്‍മ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.