കലാപ ബാധിത മണിപ്പുരില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേന്‍ സിങ് രാജിവച്ച് മൂന്നു ദിവസത്തിനു ശേഷമാണ് നടപടി. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ഇത് പതിനൊന്നാം തവണയാണ് മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വരുന്നത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ അശാന്തിയുടെ രണ്ട് വര്‍ഷക്കാലമായിരുന്നു കഴിഞ്ഞുപോയത്. കുക്കി മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള രക്തരൂഷിതമായ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നു. സംഘര്‍ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിങ് രാജി വച്ചു. മണിപ്പൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയ നീക്കം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പായിരുന്നു ബിരേന്‍ സിങിന്റെ രാജി.
ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ഇനി മണിപ്പൂരില്‍. 1951 മുതല്‍ ഇത് പതിനൊന്നാം തവണയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 174 (1) വകുപ്പു പ്രകാരം അവസാനമായി നിയമസഭ ചേര്‍ന്നതിന് ആറു മാസത്തിനുള്ളില്‍ സഭ ചേരണമെന്നാണ് ചട്ടം.
മണിപ്പുരില്‍ ഇതിനു മുമ്പ് 2024 ഓഗസ്റ്റ് 12നാണ് ചേര്‍ന്നത്. വീണ്ടും സഭ ചേരാനുള്ള ആറു മാസത്തെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. ഈ ഭരണഘടന പ്രതിസന്ധി മറികടക്കാനാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ബിരേന്‍ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതിഭരണത്തിലേക്ക് മണിപ്പൂരെത്തുകയായിരുന്നു. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ ഇതുവരെ 150ലേറെ പേരാണ് മരിച്ചത്. മെയ്യില്‍ സംഘര്‍ഷമാരംഭിച്ച കാലം മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 37ഉം സഖ്യകക്ഷികളായ എന്‍പിഎഫിനും എന്‍പിപിക്കും ആറും ഏഴും എംഎല്‍എമാരുമാണുള്ളത്.
മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുതിയതിനെ സ്വാഗതം ചെയ്യുകയാണ് കുക്കി മെയ്‌തെയ് വിഭാഗങ്ങള്‍. ബിജെപി സഖ്യസര്‍ക്കാര്‍ മറ്റൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും നല്ലത് രാഷ്ട്രപതി ഭരണമാണ് എന്നതിലേക്ക് മണിപ്പൂര്‍ ജനതയെ കൊണ്ടെത്തിച്ച ഭരണകാലമാണ് ബിരേന്‍ സിങ് സര്‍ക്കാര്‍ കാഴ്ചവച്ചത്.