കൊച്ചി: മയക്കുമരുന്ന് കേസുകൾ പിടിക്കാൻ മഫ്തി പൊലീസിങ് അനിവാര്യമാണെന്ന് സർക്കാർ വാദത്തിനിടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡുമായിമാത്രമേ പൊലീസ് മഫ്തിയിൽ പരിശോധനയ്ക്ക് പോകാവൂവെന്ന് ഹൈക്കോടതി. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനുനേരേ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിക്ക് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരതീയ ന്യായസംഹിതയിലോ കേരള പൊലീസ് ആക്ടിലോ മഫ്തി പൊലീസിങ്ങിനെക്കുറിച്ച് പറയുന്നില്ല. കേരള പൊലീസ് മാനുവലിൽ മഫ്തിയിൽ പട്രോൾ നടത്താമെന്നു പറയുന്നുണ്ടെങ്കിലും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.പൊലീസിനുനേരേ കുരുമുളക് സ്‌പ്രേ അടിച്ച് രക്ഷപ്പെട്ട പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിനാണ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് പിടികൂടാൻ മഫ്തിയിലെത്തിയ വാകത്താനം പൊലീസ് സ്‌റ്റേഷിലെ ഉദ്യോഗസ്ഥർക്കുനേരേയാണ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.
കഴിഞ്ഞ ഒക്ടോബർ 24-നായിരുന്നു സംഭവം.ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സംനിന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു ഹർജിക്കാരനെതിരേ കേസ്. പൊലീസുകാർ മഫ്തിയിലായിരുന്നെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. മയക്കുമരുന്ന് കേസുകൾ പിടിക്കാൻ മഫ്തി പൊലീസിങ് അനിവാര്യമാണെന്ന് സർക്കാരും വാദിച്ചു.തിരിച്ചറിയൽ കാർഡൊന്നുമില്ലാതെ പരിശോധനയ്ക്കെത്തിയത് ജനങ്ങൾ ചോദ്യംചെയ്താൽ കുറ്റംപറയാനാകില്ലെന്നും സ്വയംസുരക്ഷയുടെ കാര്യത്തിൽ പൊലീസിനു ജാഗ്രതവേണമെന്നും കോടതി പറഞ്ഞു.