തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ സ്റ്റാര്‍ട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവരസങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.15,000 ചതുരശ്രഅടി ബില്‍ഡ്‌സ്‌പേസ് ആണ് 2016 ല്‍ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്‌പേസ് ആയി. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.
വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന പ്രസ്താവനയുമായി എംപി ശശി തരൂര്‍ രംഗത്തെത്തിയതോടെയാണ് പിണറായിയുടെ കാലത്തെ വികസനത്തെ ചൊല്ലി സിപിഐഎം - കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര് തുടങ്ങിയത്. തരൂരിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടിയത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ പറയുന്നു.2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. 'രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്'-തരൂര്‍ ലേഖനത്തില്‍ പറയുന്നു.
തരൂരിന്റെ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. ഏത് സാഹചര്യത്തിലാണ് തരൂരിന്റെ ലേഖനം എന്നറിയില്ലെന്ന് സതീശന്റെ പ്രതികരണം. എന്തുവിവരങ്ങളും കണക്കുകളുമാണ് അദ്ദേഹത്തിന്റെ കയ്യിലെന്ന് അറിയില്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.