Share this Article
Union Budget
കാറ്റഗറി 1 വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ പരിഷ്കരിച്ച് സര്‍ക്കാര്‍
വെബ് ടീം
posted on 20-02-2025
1 min read
LICENCE

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

ലൈസന്‍സ് ഫീസ് പൂര്‍ണ്ണമായും മൂലധനനിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ആക്കും. സ്ഥാപനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ. എന്തിനും ഏതിനും കയറി പരിശോധിക്കുന്ന രീതി അനുവദിക്കില്ലെന്നും നല്‍കുന്ന ലൈസന്‍സില്‍ ലൈസെന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories