തിരുവനന്തപുരം: യുഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്ക് ചേർന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാകുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് തൃശ്ശൂർ. നേരത്തെ യുഡിഎഫിന് അനുകൂലമായി ആർഎസ്എസ് വോട്ട് ചെയ്തിരുന്നതാണ് രീതി. എസ്ഡിപിഐയെ വിജയിപ്പിക്കാൻ വേണ്ടി യുഡിഎഫ് വോട്ട് എസ്ഡിപിഐക്ക് നൽകി. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജന്മിത്തം അവസാനിപ്പിച്ചതിന്റെ തുടർച്ചയായി ഒരു ഇടത്തരം വിഭാഗം രൂപപ്പെട്ടിട്ടുണ്ട്. വർഗീയതയുടെ വികസനം കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ പ്രധാനപ്പെട്ട പ്രശ്നമായി ഉയരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയും വലതു പക്ഷ ശക്തികളും തമ്മിലുളള ബന്ധത്തിന് പുതിയ മാനം വരുന്നു.
കൊല്ലം സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് 530 പ്രതിനിധികളെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സമ്മേളനം നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റികളെ തെരഞ്ഞെടുത്തു. സ്റ്റിയറിംഗ് കമ്മിറ്റി, പ്രമേയ കമ്മിറ്റി, ക്രഡെൻഷ്യൽ കമ്മിറ്റി, മിനിറ്റ്സ് കമ്മിറ്റി എന്നിവയാണ് സമ്മേളന നിയന്ത്രണ കമ്മിറ്റികൾ. സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനാണ് പ്രസീഡിയത്തിന്റെ കൺവീനർ. പ്രവർത്തന റിപ്പോർട്ട് അഞ്ച് ഭാഗങ്ങളുണ്ട്. രാഷ്ട്രീയ സംഘടന, പാർട്ടി സംഘടന, നവ കേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖ, വർഗ്ഗ ബഹുജന സംഘടനകളും ആയി ബന്ധപ്പെട്ട രേഖ, കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മേളനം വരെ പാർട്ടി അംഗീകരിച്ച രേഖകൾ എന്നിവയാണ് അവ.