ഹൈദരാബാദ്: സംസ്ഥാനത്ത് മൂന്നാമത് പ്രസവിക്കാൻ തയാറാകുന്ന അമ്മമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് ടി.ഡി.പി എം.പി കാളിഷെട്ടി അപ്പല നായിഡു. മൂന്നാമത് പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ 50,000 രൂപ നൽകും. ആൺകുട്ടിയാണെങ്കിൽ പശുവും.പ്രഖ്യാപനത്തിന് വലിയ പ്രചാരണമാണ് ലഭിക്കുന്നത്.
സംസ്ഥാനത്ത് ജനസംഖ്യ കുറയുന്നതിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വലിയ ആശങ്ക അറിയിച്ചിരുന്നു. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം വർധിക്കുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ ആശങ്ക. കുട്ടികളെ എണ്ണം വർധിപ്പിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി രണ്ടിലേറെ കുട്ടികളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതായും സൂചിപ്പിച്ചു.അതോടൊപ്പം, രണ്ടിലേറെ കുട്ടികൾക്ക് മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ എന്ന തരത്തിൽ നിയമം പരിഷ്‍കരിക്കുമെന്നും ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുകയും ചെയ്തു. പ്രസവസമയത്ത് എല്ലാ വനിത ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്നും ചന്ദ്രബാബു നായിഡു നേരത്തേ പ്രഖ്യാപിച്ചിരുന്നു.