Share this Article
Union Budget
ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; പ്രധാന ആവശ്യങ്ങളിലൊന്നിൽ പരിഹാരം
വെബ് ടീം
3 hours 31 Minutes Ago
1 min read
asha

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 36ാം ദിവസത്തില്‍ എത്തി നില്‍ക്കെ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സെന്റീവ് കുടിശികയും അനുവദിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories