തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം പ്രഖ്യാപിച്ച് ആശ വര്‍ക്കര്‍മാര്‍. ഈ മാസം 20-ാം തീയതി മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞു. രാപ്പകല്‍ സമരം 36-ാം ദിവസത്തിലേക്ക് കടന്ന ദിവസമായ തിങ്കളാഴ്ച, പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെ രാപ്പകല്‍ സമരവേദിയില്‍ ആശ വര്‍ക്കര്‍മാരെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് സദാനന്ദന്‍ നിരാഹാരസമരം ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.
ആദ്യഘട്ടത്തില്‍ മൂന്നുപേരായിരിക്കും നിരാഹാരസമരത്തില്‍ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും വി.കെ. സദാനന്ദന്‍ പറഞ്ഞു. '20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകല്‍ സമര കേന്ദ്രത്തില്‍ തന്നെയായിരിക്കം ആശ വര്‍ക്കര്‍മാര്‍ നിരാഹാരമിരിക്കുക. ആദ്യഘട്ടത്തില്‍ സമരത്തിന്റെ നേതൃസ്ഥാനത്തുള്ള മൂന്നുപേരായിരിക്കും നിരാഹാരമിരിക്കുക. സ്ത്രീ തൊഴിലാളി സമരങ്ങളില്‍ നിര്‍ണായകമായ ഒരു സമരമായി ഈ സമരം മാറും', സദാനന്ദന്‍ പറഞ്ഞു.