Share this Article
Union Budget
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; വിവിധയിടങ്ങളിലായി വൻ നാശനഷ്ടങ്ങൾ
വെബ് ടീം
5 hours 13 Minutes Ago
1 min read
rain

മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഉണ്ടായ വേനൽ മഴയിൽ വൻ നാശനഷ്ടങ്ങൾ. മലപ്പുറം ജില്ലയിൽ ശക്തമായ കാറ്റും മഴയും ആണ് ഉണ്ടായത്. നിലമ്പൂർ വണ്ടൂർ വാണിയമ്പലം മേഖലകളിൽ വ്യാപക നാശനഷ്ടം റിപ്പോ‍ർട്ട് ചെയ്തു. നിലമ്പൂർ ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്ന് വീണത്. അപകടത്തിൽ ആളപായമില്ല.വണ്ടൂർ വാണിയമ്പലത്ത് മഴയ്ക്കിടെ സ്കൂളിൻ്റെ മേൽക്കൂര തകർന്നു. കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വണ്ടൂർ വാണിയമ്പലം എൽപി സ്കൂളിൻ്റെ മേൽക്കൂരയുടെ സീലിങ്ങാണ് തകർന്നത്.  നാലാം ക്ലാസ് വിദ്യാർഥികളുടെ സെൻറ് ഓഫ് നടക്കുമ്പോഴാണ് മേൽക്കൂര തകർന്നത്. കനത്ത മഴ മഴയ്ക്കൊപ്പം ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി.  250 ഓളം കുട്ടികൾ ഹാളിലുണ്ടായിരുന്നു.

വണ്ടൂർ വല്ലപ്പുഴയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വാണിയമ്പലം റെയിൽവെ സ്റ്റേഷനിൽ മരക്കൊമ്പ് വീണ് രണ്ടു വാഹനങ്ങൾ തകർന്നു. ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റുകളും തകർന്നു.വയനാടും കനത്ത മഴയിൽ നിർത്തിയിട്ട വാഹനത്തിനു മുകളിൽ മരം വീണു. കൽപ്പറ്റ എസ്പി ഓഫീസിനു മുന്നിലാണ് സംഭവം. അപകടത്തിൽ ആളപായമില്ല. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

കോഴിക്കോട് ഇന്ന് പെയ്ത ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങ് വീണ് ഒരാൾക്ക് പരിക്കേറ്റു. കൂമ്പാറ പാട്ടില്ലത്ത് ശരീഫയുടെ വീടിനു മുകളിൽ ആണ് തെങ്ങ് വീണത്. ശരീഫയുടെ മകൻ ഇർഷാദിനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം ജില്ലയിലും വേനൽ മഴ പെയ്തു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (17/03/2025) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories