ന്യൂഡൽഹി: നാസയുടെ ബഹിരാകാശ യാത്രിക സുനിതാ വില്യംസിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് മോദി കത്തിൽ പറഞ്ഞു. രാജ്യത്തിന്‍റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസയറിയിക്കുന്നതായും മോദി കത്തിൽ അറിയിച്ചു.സുനിത വില്യംസും ബുച്ച് വിൽമോറും ഒൻപത് മാസക്കാലമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇലോൺ മസ്കിന്‍റെ സ്‌പേസ് എക്‌സിൽ തിരിച്ചു വരുന്ന ഇരുവരെയും ലോകം ഉറ്റുനോക്കുകയാണ്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വിൽനോറിനും ഒപ്പമുണ്ട്.ചൊവ്വാഴ്ച ന്യൂയോർക്ക് സമയം പുലർച്ചെ 1.05ന് ഐ.എസ്.എസിൽ നിന്ന് അൺഡോക്ക് ചെയ്ത സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് രണ്ട് ക്രൂ അംഗങ്ങളോടൊപ്പം ഭൂമിയിലേക്ക് വരികയാണ്. 17 മണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ നാളെ പുലർച്ചെ മൂന്നരയോടെയാണ് ഫ്ലോറിഡ തീരത്തോടടുത്ത കടലിൽ പേടകം പതിക്കുക.2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.