ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സുപ്രീം കോടതി. കൊളീജിയത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി ചീഫ് ജസ്റ്റിസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്താണ് തീരുമാനം.പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ് സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജ് അനു ശിവരാമന്‍ എന്നിവരടങ്ങിയ സമിതിയായിരിക്കും അന്വേഷിക്കുക.മലയാളിയായ ജസ്റ്റിസ് ശിവരാമന്‍ കേരള ഹൈകോടതിയില്‍ നിന്നാണ് കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയത്.വിഷയത്തിന്റെ പ്രധാന്യം പരിഗണിച്ചാണ് അടിയന്തര തീരുമാനം എടുത്തത്.
തിങ്കളാഴ്ച പത്ത് മണിക്ക് മുഴുവന്‍ കൊളീജിയം ചേരും. അന്വേഷണം നടക്കുന്നത് വരെ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു.സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം, യശ്വന്ത് വര്‍മയെ സ്ഥലംമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നുമാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ സ്ഥലംമാറ്റത്തിന് ഔദ്യോഗിക വസതിയില്‍നിന്ന് പണം കണ്ടെത്തിയെന്ന വിവാദവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി വാര്‍ത്തക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.