Share this Article
Union Budget
സാമാന്യബുദ്ധി ഇല്ലേ?; നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്, അത്ര വേഗം കിട്ടുന്ന ഒന്നല്ലത്; മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
വെബ് ടീം
posted on 09-04-2025
1 min read
CM

തിരുവനന്തപുരം: മാസപ്പടി കേസിനെ ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങള്‍ മോഹിച്ച് നില്‍ക്കുന്നത്. അതങ്ങനെ മോഹിച്ച് നിന്നോളൂ. നാടിനെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.'മകള്‍ക്കെതിരായി വരുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ് അത് അത്രവേഗം കിട്ടുന്ന ഒന്നല്ല. മകള്‍ക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണ്. സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നതെന്നും' മുഖ്യമന്ത്രി പറഞ്ഞു. 

'ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ എന്നെയാണ് ലക്ഷ്യമിടുന്നത്. മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതിയിലുള്ള കേസ് കോടതിയുടെ വഴിക്ക് നീങ്ങിക്കൊള്ളും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വീശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങൾക്ക് സാമാന്യ ബുദ്ധിയില്ലേ, പറയുന്നത് ശുദ്ധ അസംബന്ധം ആണ്.ലഭിച്ച പണം രേഖപ്രകാരം ഉള്ളത് അല്ലെ, അത് കള്ളപ്പണം അല്ല.നൽകിയ സേവനം എന്ന് മകളുടെ കമ്പനി പറയുന്നു, അല്ലെന്ന് നിങ്ങൾ പറയുന്നു.കോടതിയിൽ ഉള്ള കേസ് കോടതിയിൽ ആണ് വിശദീകരിക്കേണ്ടത്, അത് മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിക്കേണ്ട കാര്യമില്ല.നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം ആണ്. അത് എളുപ്പം കിട്ടൂല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ജീവിതമാണ് ലഹരി’ എന്ന മുദ്രമുക്യം മുഴക്കി കേരള പോലീസ് ക്യാമ്പയിൻ നടത്തും. സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും തായ്‌വേരറുത്ത് വരുംതലമുറകളെ കൊടുംവിപത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് നാടിന്റെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരി വസ്തുക്കള്‍ പൊതുസമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയും കുടുംബ ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ വകുപ്പുകള്‍ തങ്ങള്‍ ചെയ്തുവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഇന്ന് നടന്ന യോഗത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ടര്‍ഫ് മുതല്‍ തട്ടുകടവരെയും പരിശോധന കര്‍ശനമാക്കുമെന്നും ലേബര്‍ ക്യാമ്പുകളിലും ഹോസ്റ്റലുകളിലും പരിശോധന കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 17-ന് സര്‍വകക്ഷി യോഗം ചേരും.സർക്കാരിന്റ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ ആഘോഷിക്കുന്നുണ്ട്. വാർഷികാഘോഷം 21 ന് കാസർഗോഡ് തുടങ്ങി തിരുവനന്തപുരത്താണ് സമാപിക്കുക. ജില്ലാ തല യോഗങ്ങളിൽ പൗര പ്രമുഖർ പങ്കെടുക്കും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയിൽ ജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. സർക്കാരും ജനങ്ങളും ഒന്നിച്ചു നിൽക്കുമ്പോൾ എല്ലാം പ്രതിസന്ധികളും മറികടക്കാനാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories